തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബർ പോലീസ് എടുത്തിരുന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒരു അഭിഭാഷകനെക്കൊണ്ടും അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു അഭിഭാഷകനെക്കൊണ്ടും ജാമ്യ ഹർജി ഫയൽ ചെയ്യിച്ച് രാഹുൽ ഈശ്വർ.
പ്രതിയുടെ നടപടി നിയമസംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്നു പ്രോസിക്യൂഷൻ. അഭിഭാഷകനായ പ്രതിയുടെ പ്രവൃത്തി ബോധപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യഹർജി കേൾക്കുന്നത് മാറ്റിവച്ചു.
അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് ജാമ്യഹർജിയിലെ വാദം മാറ്റിവച്ചത്. ജില്ലാ കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജി പിൻവലിച്ചു രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസിൽ വാദം കേൾക്കാൻ കഴിയൂ എന്നു കോടതി വ്യക്തമാക്കി.
ഹർജിയിലെ പ്രാരംഭ വാദത്തിൽ അതിജീവിത നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പോലീസ് എടുത്ത എഫ്ഐആറിലെ സംഗതികളാണ് വായിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ലൈംഗിക പീഡന കേസിലെ എഫ്ഐആർ പൊതു രേഖയായി കണക്കാക്കാനാകില്ലല്ലോ എന്നു കോടതി ചോദിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ അതു മാറ്റാൻ തയാറാണെന്നും അന്വേഷണവുമായി പ്രതി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം കണ്ടെത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യഹർജിതന്നെ നിയമവിരുദ്ധമായ സാഹചര്യത്തിൽ ഹർജിപോലും പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ് വേഡ് നൽകാൻ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നു എന്നത് അഭിഭാഷകൻ കോടതിയിൽ പറയുന്ന വാക്കുകൾ മാത്രമാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗത്തിന്റെ സാങ്കേതിക പിഴവുകൾ തിരുത്തുന്നതിന് ഹർജിയിലെ വാദം മാറ്റിവച്ച കോടതി, കേസ് വീണ്ടും ഇന്നു പരിഗണിക്കും.